Wednesday, October 10, 2012

പിണറായിയുടെ സംഘ പരിവാര്‍ വിരോധം


എന്ത്  കൊണ്ട്  പിണറായി സംഘ പരിവാറിനെ ആക്രമിക്കുന്നു .കേരളത്തിന്റെയോ,രാജ്യത്തിന്‍റെ മൊത്തത്തിലോ ആയ  വികസനത്തിന്റെ പ്രധാന തടസ്സം സംഘ പരിവാറുകളാണോ?.പിണറായി വിജയന്‍റെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ പ്രതികരണങ്ങള്‍ കേട്ടാല്‍ അങ്ങിനെ തോന്നി പോകും .
സി പി ഐ എമ്മിനെ പോലുള്ള ഒരു പ്രസ്ഥാനത്തിന്റെ പരമാധികാരിയുടെ വാക്കുകളും ,ചിന്തകളും വെറും ഉപരിപ്ലവങ്ങളായ ജല്പനങ്ങളായി മാറുവാന്‍ പാടുണ്ടോ ?.രാജ്യത്തെ ആകെമാനം കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ അഴിമതി കഥകള്‍ ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്ന നാളുകളില്‍ ,നമ്മുടെ പ്രധാന പ്രശ്നം സംഘപരിവാര്‍ ആണോ ?


അഴിമതിക്കും ,ജന്മി  മേല്‍ക്കോയ്മയ്ക്കും ,അനാചാരങ്ങള്‍ക്കും എതിരെ പട പൊരുതി തഴക്കവും ,തഴമ്പുമുള്ള സി പി ഐ എമ്മിനെ പോലുള്ള ഒരു പാര്‍ട്ടി  ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്ന "മരുമകന്റെ" അഴിമതി കഥകളെ കുറിച്ച്  പ്രതികരിക്കാന്‍ തയ്യാറാവാത്തത്  എന്ത് കൊണ്ടായിരിക്കും .പിണറായി വിജയന്‍ അറിഞ്ഞില്ലേ ഈ കഥകളൊന്നും .അപ്പോള്‍  ചന്ദ്ര ശേഖരനെ അമ്പതു വെട്ടു വെട്ടുമ്പോഴും ,അധ്യാപകനെ സ്വന്തം ക്ലാസ്സ്‌ റൂമില്‍ വെച്ച് വെട്ടി വീഴ്ത്തുമ്പോഴും ഒരു തരിമ്പും ഇളകാത്ത പിണറായിയുടെ മനസ്സില്‍  സംഘ പരിവാര്‍ രാജ്യത്തെ കൊന്നു തീര്‍ക്കാന്‍ പോകുന്നു എന്ന് വെളിപാടുണ്ടായത്  എങ്ങിനെ ആയിരിക്കും .പ്രജാ സ്നേഹം ആയിരിക്കാനെ വഴിയുള്ളൂ .


രാഷ്ട്രീയത്തിന്റെ കൂര്‍മ്മതയാണ് ഇപ്പോള്‍ പിണറായിയെ കൊണ്ട് സംഘ പരിവാറിനെതിരെ   പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത് .പാവപെട്ടവനു മണ്ണെണ്ണയും ,ഗ്യാസും ,വൈദ്യുതിയും നിഷേധിച്ചപ്പോള്‍  പിണറായി എന്തേ ഒറ്റ ദിവസ ഹര്‍ത്താലില്‍ നിര്‍ത്തി കളഞ്ഞേ പ്രതിഷേധം .പിന്നെ കണ്ടില്ലല്ലോ നിങ്ങളുടെ വാര്‍ത്ത‍ സമ്മേളനങ്ങള്‍ .അപ്പോള്‍ ഇപ്പോളത്തെ ഈ വിറളി മറ്റെന്തിനോ വേണ്ടിയാണ് ,"കേരളം ഭരിക്കുന്നത്‌ ഞങ്ങളാണ് "എന്ന് ലീഗിന്റെ വെല്ലുവിളിയ്ക്ക്  ശേഷമാണ്  പിണറായി സംഘ പരിവാറിനെതിരെ പ്രതിഷേധവുമായി ഇറങ്ങിയത്‌ .കാര്യം വ്യക്തമാണ്  സി പി ഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിക്ക്  ലീഗിന്റെ പ്രസ്താവനെയെ ആളുകളില്‍ നിന്നും മറയ്ക്കണം .സത്യത്തില്‍ ആരാണ് ഇവിടെ ജാതീയ വിദ്വേഷം വളര്‍ത്തുന്ന പ്രസ്താവങ്ങളും ,പ്രവര്‍ത്തികളുമായി കേരളത്തില്‍ തുടരുന്നത് .ലീഗുമായുള്ള പിണറായിയുടെ അവിശുദ്ധ സൌഹൃദമാണ്  ഇപ്പോള്‍ പിണറായിയെ കൊണ്ട്  ഈ തരത്തില്‍ പ്രതികരിക്കാന്‍ വഴിയൊരിക്കിയത്.ഈ സൌഹൃദത്തിന്റെ ഉത്തമ ഉദാഹരങ്ങള്‍ ആണല്ലോ ഐസ്  ക്രീം കേസും ,ലാവലിന്‍ കേസും അങ്ങിനെ അങിനെ തുടരുന്നത് .
 

കേരളത്തിലെ സി പി ഐ എം അണികളില്‍ ഏറിയ  പങ്കും ഈഴവരെന്നിരിക്കെ ചെത്ത്‌  വ്യവസായം നിറുത്തലാക്കാന്‍ ഇറങ്ങി പുറപ്പെട്ട ലീഗിനോട്  പിണറായിക്ക്  ഒന്നും പറയാനില്ലായിരുന്നു .പകരം അത് ചോദ്യം ചെയ്ത വെള്ളാപ്പള്ളി നടേശനെ അവഹേളിക്കുകയാണ് പിണറായി ചെയ്തത് .ഇവിടുത്തെ ന്യൂന പക്ഷങ്ങള്‍ ഏകീകരിച്ചു നിന്ന് അവകാശങ്ങള്‍ നെടുംബോഴോ ,വോട്ടു കച്ചവടം നടത്തുമ്പോഴോ പിണറായി അസ്വസ്തനല്ല മറിച്ചു ഭൂരി പക്ഷങ്ങള്‍ കൂട്ടായ്മയെ ക്കുറിച്ച്  ചിന്തിക്കുമ്പോള്‍ മാത്രം ഇവിടെ വര്‍ഗ്ഗീയത ജനിക്കുന്നതെങ്ങിനെ .വര്‍ഗ്ഗീയത എന്ന് പറഞ്ഞാല്‍ ഹിന്ദു എന്നാണോ പിണറായി പഠിച്ചിരിക്കുന്നത് .അതോ ലീഗ്  അങ്ങിനെ പഠിപ്പിച്ചു  തന്നതോ ..?


വോട്ടിനു വേണ്ടി മദനിയുടെ പുറകെ വരെ തെണ്ടി നടന്ന പിണറായിക്ക്  എന്ത് യോഗ്യതയാണ്  ഹിന്ദു വര്‍ഗ്ഗീയതയെ കുറിച്ച് പറയാന്‍ . പിണറായി ആദ്യം അറിയേണ്ടുന്ന ഒരു സത്യം പാവപെട്ടവന്റെയും ,നേരിന്റെയും പാര്‍ട്ടി എന്നുള്ള പേര് എന്ന്  സി പി എമ്മിന്  നഷ്ടമായോ അന്ന് തൊട്ടാണ്  ഇവിടെ സംഘ പരിവാറുകളും,ലീഗുകാരും ,വെള്ളാപള്ളി മാരും ഇവിടെ മുളച്ചു പൊന്തിയത് .സ്വന്തം അസ്ഥിത്വം നഷ്ടപെട്ടത് കൊണ്ട് മാത്രമാണ് പാര്‍ട്ടിക്ക് ഇന്ന് പള്ളികള്‍ നിരങ്ങേണ്ടി വന്നത് .രാഷ്ട്രീയം സേവനമാക്കിയിരുന്ന സഖാക്കള്‍ ചത്തൊടുങ്ങിയത്  കൊണ്ടാണ്  ഹസാരെയേ പോലുള്ളവരുടെ പുറകെ സാദാരണക്കാരായ ജനം വീണ്ടും പ്രതീക്ഷകളുമായി നടക്കുന്നത് .രാഷ്ട്രീയം സേവയാക്കിയ നിങ്ങളെ പോലുള്ളവര്‍ ഒരിക്കലും തിരിച്ചറിയുകയില്ല കാരണം നിങ്ങള്‍ അധികാരികളായി മാറിയിരിക്കുന്നു .പാവപെട്ടവന്റെ അധികാരികള്‍ .


Monday, October 8, 2012

സാങ്കി ടാങ്കിലെ സന്ധ്യ ......



ശനിയാഴ്ച ഉച്ചക്ക് ഓഫീസില്‍ നിന്ന് വരുമ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു നനഞ്ഞു നടന്നു വെറുതെ ...
റൂമില്‍ എത്തിയ ഉടനെ കുളിയും കഴിഞ്ഞു മെല്ലെ സാങ്കി ടാങ്കിലേക്ക് നടന്നു .എത്രയോ തിരക്കുള്ള റോഡാണെങ്കിലും റോഡ്‌ സൈഡിലെ മരച്ചുവട്ടിലൂടെ നടക്കാന്‍ ഒരു സുഖം തന്നെ,അപ്പോള്‍ ഞാന്‍ മനസ്സ് കൊണ്ട് ബംഗ്ലൂരില്‍ നിന്ന് വീട്ടിലേക്കാവും എന്റെ നടത്തം,അവിടുത്തെ കാടുകളില്‍ ആവും മിക്കപ്പോഴും മനസ്സ് അലയുന്നത് .കൂടെ നടക്കുമ്പോള്‍ പ്രമോദു ചോദിക്കുന്നത് പലതും മനസ്സിലായില്ലെങ്കിലും ഉത്തരം പറഞ്ഞു കൊണ്ടിരുന്നു .

റോഡ്‌ സൈഡിലെ പാനി പൂരി കടയുടെ മുന്നില്‍ നല്ല തിരക്കായിരുന്നു സുന്ദരികളായ പെണ്‍കുട്ടികള്‍ പാനി പൂരിക്കായി തിക്കും തിരക്കും കൂട്ടുന്നു.ഇന്നത്തെ ഇവനിംഗ് ചുറ്റിയടി മഴ തട്ടി കളയുമോ എന്ന പേടിയില്‍ നിന്നും ആശ്വാസം കിട്ടിയതിന്റെ സന്തോഷം എല്ലാ മുഖങ്ങളിലും കാണാം.അടുത്ത സര്‍ക്കിളില്‍ വലിയ ആള്‍കൂട്ടം കൂട്ടം കണ്ട് ചെന്നപ്പോള്‍ ഒരു പയ്യനെ ഒരാള്‍ അടിക്കുന്നന്തു കണ്ടു എന്തൊക്കെയോ കന്നടയില്‍ പറയുന്നുമുണ്ട് ,പയ്യന്മാര്‍ രണ്ടു പേരുണ്ടായിരുന്നു ഒരുത്തനെ സഹായിക്കാന്‍ മറ്റവന്‍ കഷ്ടപെടണതു കണ്ടു.

അങ്ങിനെ ലക്ഷ്യ സ്ഥാനത്ത് എത്തപെട്ടിരിക്കുന്നു .സാങ്കി ടാങ്കില്‍ ,സാങ്കി ടാങ്ക് ഇവിടുത്തെ ഒരു ചെറിയ വെള്ള കെട്ടാണ് ചുറ്റും ഭംഗിയുള്ള നടപ്പ് പാതകള്‍ ഉണ്ട് , പിന്നെ കുട്ടികള്‍ക്ക് കളിയ്ക്കാന്‍ ചെറിയ ഒരു പാര്‍ക്കും .ആളുകള്‍ അങ്ങിനെ ഒറ്റക്കും ,കൂട്ടുമൊക്കെയായി നടക്കുന്നു .ചിലര്‍ ഇടയില്‍ കൂടെ പീരങ്കിയില്‍ നിന്ന് തെറിച്ചു പോണ വെടിയുണ്ട പോലെ ഓടുന്നത് കാണാം ഫിട്നെസ്സ് നിലനിര്‍ത്താന്‍ ആണത്രേ ...!


ഇവടെ ബാംഗ്ലൂരില്‍ വന്നിട്ട് പല പ്രാവിശ്യം സാങ്കി ടാങ്കില്‍ വന്നിട്ടുണ്ടെങ്കിലും ഇത്രയും മനോഹരമായ ഒരു ദിവസം ഉണ്ടായിട്ടില്ല.മഴയത്ത് കുളിച്ചൊരുങ്ങി മനോഹരിയായ സന്ധ്യ ആയിരുന്നവിടെ കാത്തു നിന്നത് .ഞങ്ങള്‍ വെറുതെ നടന്നു. വെള്ളത്തിലേക്ക്‌ മുഖവുമായി ഒത്തിരി വിശ്രമ ബെഞ്ചുകള്‍ കരയിലെ പുല്‍ തകിടിയില്‍ ഒരുക്കിയിട്ടുണ്ടവിടെ.എല്ലാത്തിലും പ്രണയത്തിന്റെയാണോ, കാമത്തിന്റെയാണോ ചേഷ്ടകളുമായി ചെറുപ്പക്കാര്‍ കൂട് കൂട്ടിയിട്ടുണ്ട് . ഇടം കണ്ണുകൊണ്ടും ചിലപ്പോഴെല്ലാം നേരെ തന്നെയും ഞങ്ങള്‍ അതെല്ലാം ആസ്വദിച്ച് എന്നത് രെഹസ്യം.

കാഴ്ചകള്‍ എല്ലാം കണ്ടു മനസ്സ് തണുപ്പിച്ചു തിരിച്ചിറങ്ങാന്‍ തുടങ്ങുമ്പോള്‍ ആണ് പ്രമോദിന് നീന്തല്‍ പഠിക്കണം എന്ന മോഹം പറയണത് .ഞാന്‍ ഇല്ല എന്ന്‌ പറഞ്ഞിട്ടും അവനു പോയെ പറ്റു അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി ചീത്തയും വിളിച്ചു കൊണ്ട് പിന്നെയും നടത്തം...കുറെയധികം നടന്നു കഴിഞ്ഞപ്പോള്‍ ഇടം കണ്ടെത്തി പക്ഷെ ഉള്ളില്‍ കേറാന്‍ ഉള്ള വഴി കാണാതെ പിന്നെയും ചുറ്റി .ഒരു വിധത്തില്‍ ഉള്ളില്‍ കേറി പറ്റി നോക്കുമ്പോള്‍ വളരെ മികച്ച നിലവാരത്തില്‍ ഒരുക്കിയിട്ടുള്ള ഒരു നീന്തല്‍ കുളമാണ് കണ്ടത് ,ഗാലെറിയില്‍ ആളുകള്‍ നീന്തല്‍ കാണുന്നണ്ടായിരുന്നു.പ്രമോദു റിസപ്ക്ഷനിലേക്ക് നടന്നു ഞാന്‍ അവിടെ കണ്ട ഇല്ലിമര തണലിലെ കസേരയില്‍ ഇരുന്നു .ആ ഇരുപ്പ് നഷ്ടമായിരുന്നില്ല മൂന്നു സുന്ദരിമാര്‍ നീന്തല്‍ വേഷത്തില്‍ നീന്തല്‍ നിര്‍ത്തി വരുന്നത് കണ്ടു .അത് വരെ പ്രമോദിനോടുള്ള ദേഷ്യവും , കാലിലെ വേദനയും ആ കാഴ്ച്ചയില്‍ അറിയാതെ അലിഞ്ഞു പോയി !

തിരിച്ചു നടത്തത്തില്‍ അവനു കാണാന്‍ കഴിയാതെ പോയ "അസുലഭ ഭാഗ്യത്തെ "കുറിച്ച് ഞാന്‍ അവനോടു പറഞ്ഞു .മലയാളിയുടെ സ്വന്തമായ താന്‍ പോരിമയോടും,എവിടെയും ഒളിഞ്ഞു നോക്കുന്ന ആ വൃത്തികെട്ട മനസ്സോടെയും ......

എന്റെ നക്ഷത്ര രാജകുമാരി



ഇപ്പോഴും എനിക്കറിയില്ല എന്തിനാണവള്‍ എന്നെ ഇത്ര മാത്രം സ്നേഹിച്ചെതെന്നു .ചാറ്റ് റൂമുകളില്‍ വെറുതെ അലഞ്ഞു നടന്നിരുന്ന ഒരു കാലത്തില്‍ അവളെ പരിചയപെടുകയായിരുന്നു.പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല എങ്കിലും, എല്ലാം അറിഞ്ഞപോലെയും പറഞ്ഞ പോലെയും ആയിരുന്നു ഞങ്ങള്‍ക്ക് .ആദ്യ വാക്ക് പറയും മുന്‍പേ മനസ്സില്‍ ഉറപ്പിച്ചു ഇവളെയാണ്‌ ദൈവം എനിക്കായി അയച്ചിരിക്കുന്നതെന്ന്. ഈ ഭൂമിയിലെ നിമിഷങ്ങളെല്ലാം എനിക്ക് പങ്കിടുവാനായി പിറന്നവള്‍ .ആദ്യാമായി അവള്‍ എന്നെ വിളിച്ചപ്പോള്‍ വാക്കുകളല്ല എന്നിലേക്ക്‌ വന്നത് തേങ്ങലുകള്‍ ആയിരുന്നു ആ കണീര്‍ പ്രവാഹത്തിന് മുന്നില്‍ എന്ത് ചെയ്യുമെന്നറിയാതെ ഞാനും നിറയുകയായിരുന്നു .പതിയെ ഒരു കൊച്ചു കുട്ടിയെ എന്നവണ്ണം ആശ്വസിപ്പിച്ചു എന്നോട് ചേര്‍ക്കുമ്പോള്‍ ഞങ്ങള്‍ പതിയെ പെറുക്കിവെക്കുകയായിരുന്നു ഒരു സ്വപ്ന ലോകത്തിന്റെ അടികല്ലുകള്‍ .
എനിക്കറിയില്ല അവളെന്തിനാണ് മരണത്തെ ഇത്ര മാത്രം സ്നേഹിച്ചിരുന്നതെന്ന്.വെറുതെ അവള്‍ ചോദിക്കുമായിരുന്നു നമുക്ക് മരിച്ചാലോ എന്ന് അപ്പോഴെല്ലാം വാക്കുകളില്‍ ജീവിതത്തിന്റെ ആയിരം മഴവില്ലുകള്‍ കോര്‍ത്ത്‌ ഞാനവള്‍ക്ക് കൊടുക്കും അതിലവള്‍ പതിയെ തലോടി സ്വയമ മറന്നുറങ്ങും.അവള്‍ക്കു വെറുപ്പായിരുന്നു മരുഭൂമിയുടെ ചൂടില്‍ കൃത്രിമമായി സൃഷ്ടിച്ചെടുത്ത കുളിരുന്ന ജീവിതങ്ങളെ .പാടവും പുഴകളും എന്ന് അവള്‍ സ്വപ്നം കണ്ടു ....കുന്നുകളിലും കാടുകളിലും അലയാന്‍ അവള്‍ കൊതിച്ചു കൊണ്ടിരുന്നു ..
ഒരിക്കല്‍ പോലും കാണാതെ ഞങ്ങള്‍ സ്നേഹിക്കുകയായിരുന്നു ഒന്നുമാവിശ്യപെടാതെ ....വെറും വാക്കുകളിലൂടെ ഞങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളെ കോര്‍ത്ത്‌ വെച്ചു. ചാറ്റ് മെസ്സജുകളും ,ഇയര്‍ ഫോണുകളും മാറി മാറി ഞങ്ങളുടെ ഇണക്കങ്ങളും പിണക്കങ്ങളും പങ്കു വെച്ചു കൊണ്ടിരുന്നു. ഇടയില്‍ ഭൂമിയുടെ നീളം തീര്‍ത്ത അകലത്തെ ഞങ്ങള്‍ മനസ്സുകളുടെ വീതിയും ,നീളവും വെച്ചു തോല്പ്പിചെടുത്തു .
ഇന്ന് ഞാന്‍ ഒറ്റക്കാണ്, ചാറ്റ് വിന്‍ഡോയുടെ വലതു വശത്ത് ഒരു കുഞ്ഞു പച്ച വെളിച്ചം തെളിയുന്നതും കാത്ത്. നക്ഷത്ര കൂട്ടങ്ങളിലേക്ക് അവളെ ദൈവം പതിയെ നടത്തുകയായിരുന്നെന്നറിഞ്ഞിട്ടും വിട്ടു കൊടുക്കാന്‍ മനസ്സില്ലാതെ ,പല ക്ഷേത്രങ്ങളില്‍ ,പള്ളികളില്‍ തല തല്ലി കരഞ്ഞിട്ടും എന്നെക്കാള്‍ അവളെ സ്നേഹിച്ച ദൈവം തിരിച്ചു തന്നില്ലനിക്ക് .പരാതിയില്ലെനിക്ക് കാരണം ഒരു ജന്മം മുഴുവന്‍ തരേണ്ടേ സ്നേഹം മുഴുവന്‍ തന്നു തീര്‍ത്തിരിക്കുന്നവള്‍ ....കടം പേറി ജീവിക്കുകയാണ് ഞാന്‍ ഒടുക്കാനാവാത്ത ഈ ജീവനുമായി ...

യാത്ര





തിരിച്ചു പോകണ വഴിയിലാണ് എന്നെ കണ്ടത് ...വഴിയരികില്‍ ചുറ്റി തിരിയുകയായിരുന്നപ്പോള്‍ ഞാന്‍ .അരികിലേക്ക് വിളിച്ചെന്നെ കണ്ണില്‍ നോക്കി നിന്നിത്തിരി നേരം, പിന്നെ കണ്ണില്‍ നിന്നടര്‍ന്ന തുലാവര്‍ഷ പെയ്ത്തില്‍ ഞാനും നനഞ്ഞു ചേര്‍ന്നു.നനഞ്ഞൊട്ടിയ മനസ്സുകളുമായി നിന്ന ആ  നിമിഷത്തില്‍ കടലും കരയും വേണ്ടാതെ ആകാശത്തെ മാത്രം കൊതിച്ചു .അവള്‍ മഴയെ കൊതിച്ചു ,കാടിന്റെ  ഉള്ളുകളില്‍ കൂകി അലയാന്‍ വെമ്പി...ബൈക്കിന്റെ പിന്നിലിരുന്നു പാഞ്ഞു വരുന്ന കാറ്റിനെ വീശി പിടിക്കാന്‍ കൊതിച്ചവള്‍ .നിര്‍ത്തലില്ലാതെ  പറഞ്ഞു കൊണ്ടിരിക്കുമ്പോളും വന്നു ഓര്‍മ്മപ്പെടുത്തി കൊണ്ടിരുന്നു. പോകാനവള്‍ക്ക് ഇഷ്ടമായിരുന്നു, യാത്രയെ കുറിച്ചവള്‍ സ്വപ്നം കണ്ടിരുന്നവള്‍ എങ്കിലും എന്റെ സ്നേഹത്തിനു മുന്നില്‍ തോറ്റവള്‍  യാത്ര വേണ്ടെന്നു എപ്പോളോ പറഞ്ഞു .സ്നേഹിക്കുകയായിരുന്നു തോറ്റുപോകുമെന്നറിഞ്ഞിട്ടും പലപ്പോഴും സമയമായെന്ന് ആരോ വന്നു ഓര്‍മ്മപെടുത്തുന്നുണ്ടായിരുന്നു വിട്ടു കൊടുക്കാന്‍ എനിക്ക് മനസ്സില്ലായിരുന്നു പോകാന്‍ അവള്‍ക്കും .തോല്‍ക്കാന്‍ മനസ്സില്ലാത്ത കാലം വന്നു വിളിച്ചു കൊണ്ടിരുന്നു ഞാന്‍ ഭിക്ഷ തേടി ദേവ സന്നിധികളില്‍ അലഞ്ഞു തളര്‍ന്നു .തോല്‍ക്കുന്നവനെന്നും ശാപവും ജയിക്കുന്നവനെന്നും ദാനവും ആണവിടങ്ങളിലെ ശീലങ്ങള്‍ .എനിക്കായി നല്‍കിയ സ്വപ്നങ്ങളെ ഞാനതില്‍ ജീവിക്കുന്നു ...ഒരു ശവത്തിന്റെ ഹൃദയ താളത്തോടെ ...കാലമേ എനിക്ക് നിന്നോടും പരാതിയില്ല തോല്പിച്ചുവെന്നഹങ്കാരം ചിരികളില്‍  കലര്‍ത്തി പലപ്പോഴും നോക്കുവാറുണ്ടെങ്കിലും.

ഈ ആണുങ്ങള്‍ എന്താ ഇങ്ങിനെ .....ഛെ ...


അവള്‍ ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല...
ഇല്ല ആരും സമ്മതിക്കില്ല !
 അവളുടെ ഈ ഭൂമിയില്‍ സ്വപ്നങ്ങളെല്ലാം ശിശിരങ്ങളില്‍ അടര്‍ന്ന് കൊഴിയുന്ന ഇലകളാവുന്നു..

അടുക്കളയില്‍ മമ്മിയുടെ കയ്യില്‍ നിന്നും പാത്രം മറിഞ്ഞു വീഴുന്ന ശബ്ദം ഒരു ഇടിമിന്നല്‍ പോലെ പേടിപ്പിച്ചപ്പോള്‍ അവള്‍ മുറിയിലേക്കോടി ..പപ്പ മേടിച്ചു കൊടുത്ത പുതിയ സാംസങ്ങ് യങ്ങ് മൊബൈലെടുത്ത് അവനെ വിളിച്ചു .
ഡാ നമുക്ക് പോകാം ,ഇനിയും വയ്യ എനിക്കിങ്ങനെ ..
അവനും പറഞ്ഞു ഇല്ലെടാ എനിക്കും വയ്യ ,നമുക്ക് പോകാം .അവിടെ നമുക്കൊരുമിച്ചു ജീവിക്കാം ..

 അവളുടെ ശബ്ദം നേര്‍ത്തു വരുന്നു ,
അവന്‍ മൊബൈല്‍ ചേര്‍ത്ത് പിടിച്ചു..
ഡാ കുട്ടാ, ഞാന്‍ എടുത്തു ..അവന്‍  പറഞ്ഞു ഞാനും മോളു..
ഞാന്‍ ചേര്‍ത്ത് പിടിച്ചെടാ ,എന്‍റെ ചക്കരേ .., ഞാനും അവന്‍ കൂടുതല്‍ മൊബൈല്‍ ചേര്‍ത്ത് പിടിച്ചു പറഞ്ഞു .
ഡാ ചക്കര കുട്ടാ ഇതാ കഴിഞ്ഞെടാ ...
എന്‍റെ മോളു ഞാന്‍ ........
അവന്‍റെ  ബാക്കി ശബ്ദം കേള്‍ക്കാതായപ്പോള്‍ റേഞ്ച് പോയെന്നു കരുതി
കാള്‍ കട്ട്  ചെയ്ത് ഫേസ് ബുക്ക്‌ ഓപ്പണ്‍ ചെയ്തു .

**************************


എന്തോ ഒച്ച കേട്ട് പാഞ്ഞെത്തിയ അവന്‍റെ അമ്മ കണ്ടത് പ്ലസ്‌ ടുവിന്‍റെ ബുക്കില്‍ കമിഴ്ന്നു കിടക്കുന്ന മോനെ ...
ഒഴുകി പരക്കുന്ന ചോരയില്‍ കൈ പരതുന്ന അവനെ ആശുപത്രിയിലേക്ക്
പായുന്നു ...

കൂട്ടുകാര്‍ ബൈക്കുകളില്‍ പാഞ്ഞെത്തുമ്പോള്‍ 9  കുപ്പി ചോരയുടെയും ,നോട്ടത്തിന്‍റെ കൂലിയും ചേര്‍ത്ത് ആശുപത്രിക്കാര്‍ കൊടുത്ത 60000  ന്‍റെ ബില്ലുമായി നില്‍ക്കുന്ന അച്ഛന്‍ .

ചോരയുടെ നിറവും മണവുമുള്ള ഒരു പ്ലസ്‌ ടു പ്രണയം ...ഐ സി യുവില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റുമ്പോള്‍ അവള്‍ ഓര്‍ത്തു ഇത്രയും പ്രാക്ടിക്കല്‍ അല്ലാത്ത ഒരുത്തനെ ആയിരുന്നോ ഞാന്‍  അയ്യേ ...........ഈ ആണുങ്ങള്‍ എന്താ ഇങ്ങിനെ .....ഛെ ...



"INCRDEBILE " ഇന്ത്യ





ബലാത്സംഗത്തിന്റെ തലസ്ഥാനമെന്ന പേര് രാജ്യ തലസ്ഥാനമായ ഡല്‍ഹിക്ക് ചേരുമെന്ന് ഇവിടെ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സാക്‍ഷ്യപ്പെടുത്തുന്നു. ആറ് മാസം പ്രായമുള്ള ഒരു കുഞ്ഞും അഞ്ച് വയസ്സുള്ള ഒരു പെണ്‍കുട്ടിയും നഗരത്തില്‍ ബലാത്സംഗത്തിനിരയായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.


അവശയായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനത്തിരയായ വിവരം വീട്ടുകാര്‍ അറിയുന്നത്. ബുധനാഴ്ച കബീര്‍ നഗറിലാണ് ആറ് മാസം പ്രായമുള്ള കുട്ടിയെ അയല്‍ക്കാരനായ സോനു എന്ന പതിനെട്ടുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചത്. ഇയാള്‍ കുട്ടിയെ പുറത്തേക്കു കൊണ്ടു പോയ ശേഷം നീചമായ രീതിയില്‍ പീഡനത്തിന് വിധേയയാക്കി തിരികെ വീട്ടിലെത്തിക്കുകയായിരുന്നു.


അവശയായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനത്തിരയായ വിവരം വീട്ടുകാര്‍ അറിയുന്നത്. ആശുപത്രിയധികൃതരാണ് ഈ വിവരം പൊലീസില്‍ അറിയിച്ചത്. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.


കെ എന്‍ കട്ജു മാര്‍ഗിലാണ് അഞ്ച് വയസ്സുകാരി ബലാത്സംഗത്തിന് ഇരയായത്. ഒരു വീട്ടു ജോലിക്കാരിയുടെ മകളാണ് പീഡനത്തിന് വിധേയയായത്. പെണ്‍കുട്ടിയെ ഒരു ടാക്സി ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി കാറില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.




എന്ത് കൊണ്ടീ ഇതൊന്നും വിശുദ്ധന്മാര്‍ കാണുന്നില്ല ........സമരങ്ങള്‍ ഇല്ല .ഇന്ത്യയില്‍ സൌദി അറേബ്യന്‍ രാജ്യങ്ങളിലെ പോലെ കല്ലെറിഞ്ഞു കൊല്ലുന്ന പോലുള്ള പ്രകുതമെന്നു വിളിക്കപെടുന്ന നിയമങ്ങള്‍ ഇത്തരം ക്രൂരതയ്കെതിരെ കൊണ്ട് വരേണ്ട കാലം കഴിഞ്ഞിരിക്കുന്നു ...ആറു മാസം പ്രായമുള്ള കുട്ടിയില്‍ കാമം കാണുന്നവന്‍ ഏറ്റവും പ്രാകൃതമായി തന്നെ ഈ ലോകത്ത് നിന്നും ഇല്ലതവേണ്ടാതാണെന്ന്  ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു .




എന്ത് കൊണ്ട് നമ്മുടെ കുട്ടികള്‍ സമൂഹത്തോടും ,ചുറ്റുപാടുകളോടും മുഖം തിരിച്ചു വളരുന്നു എന്നതിനുള്ള മറുപടിയാണിതെല്ലാം.അയല്‍വക്കത്തെ  തൊടിയിലും ,പാടത്തും കളിച്ചു വളര്‍ന്ന നമ്മള്‍ സമൂഹമായി വളര്‍ന്നു എന്നാല്‍ ഇന്ന് നമ്മള്‍ എന്ത് വിശ്വസിച്ചാണ് കുട്ടികളെ മറ്റൊരാളെ ഏല്പിക്കുക ,ആരുടെ കൂടെയാണ് കളിയ്ക്കാന്‍ വിടുക ,ഇപ്പോള്‍ മനസ്സിലാകുന്നു എന്ത് കൊണ്ട് കുട്ടികള്‍ക്ക്  മാതാ പിതാക്കള്‍  കമ്പ്യൂട്ടര്‍ വാങ്ങി കൊടുക്കുന്നു എന്ന്  കുട്ടികള്‍ വീട്ടില്‍ തന്നെ വളരുമല്ലോ .


പണ്ട് കുട്ടികള്‍ ഭക്ഷണം കഴിക്കാതെ വരുമ്പോള്‍ അമ്മമാര്‍ പറഞ്ഞു പേടിപ്പിക്കും ദേ കുറുക്കന്‍ വരുമെന്ന് ...ഇന്ന് അയല്‍വക്കത്തെ ഏതെങ്കിലും ഒരുത്തന്‍ വരുമെന്ന് പറഞ്ഞു പേടിപ്പിക്കണ്ടതും ,പേടിക്കേണ്ടതുമായ സ്ഥിതിയില്‍  നാം "വളര്‍ന്നിരിക്കുന്നു " .


നാലര വയസ്സുകാരിയെ അതി ക്രൂരമായി ബലാല്‍സംഗം  ചെയ്തു മര പൊത്തില്‍ ഒളിച്ചു വെച്ച സംഭവം നാം മറന്നു കാണില്ല , അതും ഒരു പതിമൂന്നുകാരന്‍ .ശരിയായ ലൈംഗിക വിദ്യാഭ്യാസമില്ലാത്തത് കൊണ്ടാണോ ,അതോ കുടുംബത്തില്‍ നിന്ന് തന്നെ ഒരു മനുഷ്യനായി ജീവിക്കാന്‍ വേണ്ട പടങ്ങള്‍ കിട്ടാത്തത് കൊണ്ടാണോ .. ആര്‍ക്കറിയാം .....ഈ കാല പിറവികളുടെ ഉള്ളില്‍ എന്താണെന്ന്  ...

സമത്വ വാദങ്ങള്‍

അടുത്തിടെ പ്രശസ്ത സിനിമ സംവിധായകന്‍ കരന്‍ ജോഹര്‍ അവതരകനാകുന്ന ഒരു ഒരു ടി വി  പ്രോഗ്രാം കണ്ടു അന്നത്തെ അതിഥി ദീപിക പദുകോണ്‍ എന്ന നടിയായിരുന്നു. അവരുടെ ഗുണ ഗണങ്ങളെ കുറിച്ചെല്ലാം ചോദിച്ച കൂട്ടത്തില്‍  അദ്ദേഹം അവരോടു ചോദിച്ചു മുന്‍ കാമുകന്‍ രണ്ബീര്‍ കപൂറുമായുള്ള ബന്ധത്തില്‍ എന്താണ് ലഭിച്ചതെന്നു .നടി മറു പടി പറഞ്ഞത്  കുറെ കോണ്ടങ്ങള്‍ കിട്ടി എന്നാണ് .ഇത് പറയാന്‍ കാരണം ഇവിടുത്തെ സ്തീ പക്ഷ വാദികള്‍ക്ക് അഭിമാനത്തോടെ പറഞ്ഞു നടക്കാന്‍ ഒരു സ്ത്രീ രത്നത്തെ കൂടി ഭാരതം സംഭാവന ചെയ്തിരിക്കുന്നു എന്ന് ഓര്‍ത്തപ്പോള്‍ ആണ് .ചതിയില്‍ പിറന്ന കുഞ്ഞിനെ പോറ്റാന്‍ മാര്‍ഗ്ഗമില്ലാതെ പെറ്റ കുഞ്ഞിനെ വില്‍ക്കുന്ന അമ്മമാരെ ഉദ്ധരിക്കാന്‍ ഇവിടാരുമില്ല ,കഴുവേറി നടക്കുന്ന കെട്ടിയവന്‍മാരുള്ള, വില്‍ക്കാന്‍ മുഷിഞ്ഞ മാനം മാത്രം കയ്യില്‍ ഉള്ള  സ്ത്രീകളെ അവരുടെ കിടപ്പിടങ്ങളില്‍ മാധ്യമ പോരാളികളും പോലീസും വേട്ടയാടി പടം സഹിതം ലോകത്തിനു മുന്നില്‍ വേശ്യയാക്കി നടത്തുമ്പോള്‍ .എ സി മുറികളുടെ തണുപ്പില്‍ കാമ കൂത്ത്‌ നടത്തിയപ്പോള്‍ ഊരി എറിഞ്ഞ  നിരോധന ഉറകളുടെ കണക്കെണ്ണി അതു ചാനലുകളിലൂടെ വിളിച്ചു പറയുന്നത് സ്ത്രീ സ്വാതന്ത്ര്യം  അത്  തല്സമയവും,അല്ലാതെയും പ്രക്ഷേപണം ചെയ്തു ഇറ്റു വീണ രേതസ്സിന്റെ കണക്കുകളെ  കുറിച്ച് സമൂഹത്തിലെ "മാന്യന്മാരെ " വിളിച്ചു ചര്‍ച്ച നടത്തി ആഘോഷിക്കുന്നത് മാധ്യമ സംസ്കാരം.ഇത് പോലെ കൂത്താടി നടക്കുന്നവരാണ് നമ്മുടെ രാജ്യത്തിന്റെ പൈതൃകം മറ്റു രാജ്യങ്ങളെ അറിയിക്കാന്‍ സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന പരസ്യ ചിത്രങ്ങളില്‍ എല്ലാം നിറഞ്ഞു നില്‍ക്കുന്നത് .എന്താണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സംസ്കാരം .....?