മധുരയിലെ ഹോട്ടല്‍ ഇന്റര്‍ നാഷണലിന്റെ ഇടുങ്ങിയ മുറിയില്‍ ഏകനായി ബീയറിന്റെ അരുചിയില്‍ അസ്വസ്ഥനായി ഇരിക്കുമ്പോളാണ് നടന്‍ മുരളി മരിച്ചെന്നു ആരോ വിളിച്ചു പറയുന്നത് .എന്തിനാണ് കരഞ്ഞെതെന്നു എനിക്കറിയില്ല .പക്ഷെ അപ്പോള്‍ എന്റെ മനസ്സില്‍ ഓടി വന്നതു " അച്ചു അവന്‍ മ്മടെ കുട്ട്യല്ലെടാ " എന്ന് പറയുന്ന ആ മുഖമാണ് . ചുരുട്ടിയ മുഷ്ടികള്‍ വേഗതയില്‍ വീശി നടന്നു പോകുന്ന മുരളിയെ ഓര്‍ക്കുമ്പോള്‍ ഏതു മലയാളി പ്രേക്ഷകനാണ് ഒന്നിടറാതിരിക്കുക .
മുരളിയെ നടന്‍ എന്ന് വിളിച്ച് കേള്‍ക്കുമ്പോള്‍ പലപ്പോഴും അറിയാതെ ഒരസ്വസ്തത എന്നെ ബാധിക്കാറുണ്ട് .എന്ത് കൊണ്ടോ സിനിമാ കോട്ടയിലെ നീളന്‍ ബെഞ്ചില്‍ തല നീട്ടി പിടിച്ച് അദ്ദേഹത്തിനെ തുറിച്ചു നോക്കിയിരുന്നപ്പോളൊന്നും മുന്നിലെ സ്ക്രീനില്‍ മുരളി എന്ന് പറയുന്ന ഒരു മനുഷ്യന്‍ കഥാപാത്രമായി വേഷ പകര്‍ച്ച നടത്തി കൊണ്ടിരിക്കയാണ് എന്ന് എന്റെ ബുദ്ധിയുടെ അങ്ങേയറ്റത്ത് പോലും തോന്നിയിരുന്നതെയില്ല .
ഡാ" എന്നൊരു വാക്കില്‍ ഒരു ഹൃദയത്തിന്റെ മുഴുവന്‍ നൊമ്പരങ്ങളോ ,സന്തോഷങ്ങളോ ചേര്‍ത്ത് വെക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അത് മുരളിക്ക് മാത്രമായിരിക്കും .നെഞ്ചിന്റെ വേദന മുഖമറിയാതിരിക്കാന്‍ മുരളി എന്ന നടന്‍ കടിച്ചു പിടിച്ചപ്പോളൊക്കെ മലയാളി പ്രേക്ഷകര്‍ പിടിച്ച് നില്‍ക്കാനാവാതെ തീയേറ്ററുകളില്‍ അലമുറ തീര്‍ത്തിട്ടുണ്ട് .മുരളി ചെത്ത് കാരനായപ്പോളും ,ആശാരി ആയപ്പോളും, അരയനായപ്പോളും സാധാരണക്കാരനായ മലയാളി പ്രേക്ഷകന്‍ അത്ഭുതപെട്ടത് അഭിനയത്തിന്റെ മഹാ വഴികള്‍ അദ്ദേഹം നിസാരമായി കീഴടക്കുന്നത് കണ്ടിട്ടല്ല മറിച്ച് നമ്മളിലൊരാളായി അദ്ദേഹം ജീവിക്കുന്നത് കണ്ടപ്പോളാണ് .
ആകാശ ദൂതുമായി ആ അത്ഭുത മനുഷ്യന്‍ പ്രതീക്ഷിക്കാതെ നടന്നു മറഞ്ഞപ്പോള്‍ ഉണ്ടായ ശൂന്യത എത്ര വലുതെന്നു എത്ര പേര്‍ ചിന്തിക്കുന്നു എന്ന് അറിയില്ല .എങ്കിലും പൌരഷത്തോടെ മുണ്ട് മടക്കി കുത്തി നീട്ടി വലിച്ചു നടന്ന ആ പ്രതിഭയെ അത്ഭുതത്തോടയല്ലാതെ ആര്‍ക്ക് ഓര്‍ക്കാനാവും
No comments:
Post a Comment