Sunday, October 7, 2012

പ്രവീണ ചേച്ചിയും മുട്ടവെപ്പും



എത്രയോ വര്‍ഷങ്ങളായി അവരെ  എനിക്കറിയാം.ആളുകളെ സഹായിക്കാന്‍ അവര്‍ക്കുള്ള അടങ്ങാത്ത ആവേശത്തെയും ഞാന്‍ കണ്ടറിഞ്ഞിട്ടുണ്ട് .അവര്‍ എന്ന് പറഞ്ഞാല്‍ പ്രശാന്തും അനീഷും.ശ്രീകൃഷ്ണ ജയന്തിക്ക് കുരുത്തോല വേണമെന്ന് അറിഞ്ഞപ്പോള്‍ ശ്രീധരന്‍ ചെട്ടിയാരുടെ തെങ്ങില്‍ പാതിരാത്രിക്ക്‌ o c r അടിച്ചു കേറിയത്‌ നമ്മുടെ പ്രശാന്തും അനീഷുമാണ് .ശ്രീധരന്‍ ചെട്ടിയാരോട്  ഒന്ന് ചോദിക്കണ്ടേ എന്ന് ആരോ ചോദിച്ചപ്പോള്‍ അയ്യോ ആ പാവം ഈ പാതി രാത്രിക്ക് കിടന്നുറങ്ങിക്കോട്ടേ നാളെ പരിപാടിയില്‍ പങ്കെടുക്കനുള്ളതല്ലേ എന്ന് പറഞ്ഞ കരുണാമയന്മാരാണ്  ഇവര്‍ .


ദിവസങ്ങള്‍ക്കു ശേഷം  വെറുതെ ടൌണില്‍ വായി നോക്കി  നില്‍ക്കുമ്പോള്‍ യാതൊരാവിശ്യവുമില്ലാതെ ശ്രീധരന്‍ ചെട്ടിയാര്‍ അവിടേക്ക് വരുകയും, ഞങ്ങളെ തുരാ തുരാ തുറിച്ചു നോക്കുകയും ചെയ്യുന്നത് കണ്ടപ്പോളേ അവിടെ നിന്ന് മുങ്ങുവാന്‍ സമയം ആയെന്നും അങ്ങേരു ചോദിച്ചാല്‍ ഞങ്ങള്‍ക്കറിയില്ല എന്ന് പറയാന്‍ എല്ലാവരും തീരുമാനമെടുക്കുകയും ചെയ്ത് പതിയെ നടക്കുമ്പോള്‍ ."എത്ര തെങ്ങിന്റെ കൂമ്പ് വെട്ടി പ്രശാന്തേ"? പിന്നില്‍ നിന്നുള്ള   ശ്രീധരന്‍ ചെട്ടിയാരുടെ  ചോദ്യത്തിന്  ഏഴു എന്ന് വളരെ പെട്ടെന്നും ,അയാളോട്  പന്ത്രണ്ടെന്ന കാര്യം പറയാതെ പറ്റിച്ച അഹങ്കാരത്തില്‍ ഞെളിഞ്ഞു  നില്‍ക്കുകയും, പിന്നെ   ചെട്ടിയാരുടെ മുഴുവന്‍ ചീത്തവിളിയും കേള്‍പ്പിച്ചു നിര്‍വൃതിയടയുകയും ചെയ്ത മഹാന്‍ ആണ് പ്രശാന്ത് .


മദ്യം കഴിക്കരുത്  എന്ന് പറഞ്ഞ ഗുരുവിന്റെ മന്ദിരത്തിന്റെ മറവില്‍  സ്വസ്ഥമായിരുന്നു കള്ളുകുടിച്ചു വിരഹഗാനങ്ങള്‍ പാടി എല്ലാവരും കരഞ്ഞപ്പോള്‍ അതിനു സമാന്തരമായി അലമുറയിട്ട്  ഞങ്ങളെ പേടിപ്പിക്കുകയും,സ്വന്തം കാമുകിയെ ഇനി  ഒരു നിമിഷം പോലും  കാണാതിരിക്കാന്‍ ആവില്ല എന്നും, ഉടനെ അവളുടെ വീട്ടില്‍ പോയി കാണണമെന്ന് വേദനയോടെ പറയുകയും വീണ്ടും കരച്ചില്‍ തുടരുകയും ചെയ്ത്  നാല് കിലോമീറ്റെര്‍ ഞങ്ങളെ നടത്തിക്കുകയും ,വീടുമാറി കേറി നാട്ടുകാര് ഓടിക്കുകയും നാട്ടില്‍ അതുവരെ ഉണ്ടായിരുന്ന മുഴുവന്‍ ചീത്തപ്പേരും മാറ്റി പുതിയ ചീത്ത പേര്  ഞങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കി തന്ന ആത്മാര്‍ത്ഥ സുഹൃത്താണ്  അനീഷ്‌ .



കാലമേറെ കഴിഞ്ഞു . ആളുകള്‍ക്ക് നമ്മെ വല്ലാതെ സഹിക്കാന്‍ പറ്റാതായിരിക്കുന്നു എന്ന് തോന്നിയ ദിവസങ്ങളില്‍  ഇനി ജോലി ചെയ്ത് ജീവിക്കാം എന്ന്  ഞങ്ങള്‍ തീരുമാനിക്കുകയും പലവണ്ടികളില്‍ കേറുകയും ചെയ്തു.പക്ഷെ നാട്ടുകാരെ സഹായിക്കണം എന്ന്  പിന്നെയും ഉള്‍വിളിയുണ്ടായ അനീഷും പ്രശാന്തും നാട്ടില്‍ തന്നെ ജോലി നോക്കുകയും .അനീഷിനു നാട്ടിലെ പ്രശസ്തമായ ഒരു ചിട്ടി കമ്പനിയില്‍ ഏരിയ മാനെജേര്‍ ആയി ജോലി കിട്ടുകയും പ്രശാന്തിനു   അവിടെ തന്നെ  മറ്റൊരു തസ്തികയും ലഭിച്ചു .അവരുടെ ഓഫീസിലെ ഒരു സ്റ്റാഫാണ് പ്രവീണ ചേച്ചി പ്രായം ഒരു മുപ്പന്തിയഞ്ചു വരും .കാണാന്‍ സുന്ദരിയാണെങ്കിലും  ചേച്ചി കല്യാണം കഴിച്ചിട്ടില്ല .



മറ്റുള്ളവരോടുള്ള സ്നേഹം ഒരു ദൌര്‍ബല്യവും,മറ്റുള്ളവരുടെ വിഷമം നമ്മുടെ തന്നെ വിഷമവും ആണെന്ന് കരുതുന്ന എന്റെ സ്നേഹിതന്മാര്‍ ചേച്ചിയുടെ അടുത്ത് കൂടുകയും കല്യാണം കഴിക്കാത്തത്തിന്റെ കാരണം തിരക്കുകയും ചെയ്തു കൊണ്ടിരുന്നു .അവരുടെ കഠിനമായ ശ്രെമത്തില്‍ ചേച്ചിക്ക് അവരോടു അനിയന്മാരോടുള്ള സ്നേഹം ഉണ്ടാകുകയും തന്റെ രെഹസ്യങ്ങള്‍  അവരോടു പങ്കു വെയ്ക്കുകയും ചെയ്തു  .



പ്രവീണ ചേച്ചി അങ്ങിനെ സത്യങ്ങള്‍ പുറത്തു വിടുകയാണ് .സത്യം നമ്പര്‍ വണ്‍ ,പ്രവീണ ചേച്ചിക്ക് ഒരു കാമുകനുണ്ട് !. ഞെട്ടിക്കുന്ന കാര്യം ആയിരുന്നില്ലെങ്കിലും അനീഷും പ്രശാന്തും ഞെട്ടി ചേച്ചി ആ ഞെട്ടല്‍ പ്രതീക്ഷിക്കുന്നുണ്ടാവും എന്ന് കരുതി മാത്രം .കാമുകനുണ്ടേല്‍ അവനെ അങ്ങ് കെട്ടികൂടെ? രണ്ടു പേരും ചോദിച്ചു .അതാണ്‌ ചേച്ചിയുടെ പ്രശ്നം കാമുകന് ഒരു ചേട്ടനുണ്ട്  അയാള്‍ ആണേല്‍ കല്യാണം കഴിക്കാന്‍ യാതൊരു  താല്‍പര്യവും കാണിക്കുന്നില്ല അതുമാത്രമല്ല കച്ചി കയറ്റി പോകുന്ന ലോറി പോലെ റോഡ്‌ നിറഞ്ഞാണ് പോക്കും .അതുകൊണ്ട് അനിയനായ ചേച്ചിയുടെ കാമുകന്  ഓവര്‍ ടേക്ക് ചെയ്യാന്‍ പറ്റുന്നില്ല (ഓവര്‍ ടേക്ക്  ഒരു തെറ്റുമാണല്ലോ).അങ്ങിനെ ചേച്ചിയുടെ സമ്മര്‍ദ്ദവും ,ചേട്ടന്റെ നിറഞ്ഞു നില്പും കാരണം ഇടയില്‍ പെട്ടുപോകുന്ന  കാമുകന്‍ ചേച്ചിയോട് പറയും "നീ എന്നെ കാത്തിരിക്കണ്ട വേറെ ഏതേലും ചേട്ടന്‍ ഇല്ലാത്ത അനിയനെ കെട്ടി സുഖമായി കഴിഞ്ഞോ ".ഹൃദയഭേദകമായ ഈ വാക്കുകള്‍ ചേച്ചിയ്ക്ക് താങ്ങാന്‍ കഴിയുന്നില്ല .ഈ ദുഖകരമായ അവസ്ഥയില്‍ നിന്ന്  ചേച്ചിയെ എങ്ങിനെയും രെക്ഷിക്കണം അത് നമ്മുടെ കടമയാണെന്ന്  അവര്‍ രണ്ടു പേരും വിശ്വസിച്ചു .



തന്റെ കീഴ്‌ ജോലിക്കാരിയും ,പെങ്ങളെ പോലെയുള്ളവളുമായ പ്രവീണ ചേച്ചിയുടെ ദുഖം സഹിക്കാന്‍ വയ്യാതെ ഒരു ദിവസം  അനീഷ്‌ പറഞ്ഞു "ചേച്ചീ നമുക്ക് മുട്ട വെച്ചാലോ ചേച്ചിയുടെ ചേട്ടനിട്ടു" സന്തോഷ്‌ പണ്ടിറ്റിനിട്ട് എറിഞ്ഞു പൊട്ടിയ ചീ മൊട്ട പോലെ എന്റെ  ജീവിതം തകരുമ്പോളാ അവന്റെ ഒരു മൊട്ട വെപ്പ് .പക്ഷെ ചേച്ചി അത് പറഞ്ഞില്ല മനസ്സില്‍ ഓര്‍ത്തു .രണ്ടു മൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ചേച്ചി പതിയെ അനീഷിന്റെ അടുത്ത് വന്നു ചോദിച്ചു "നീ  അന്ന് ശരിയ്ക്കും പറഞ്ഞതാണോ മുട്ട വെച്ചാല്‍ കല്യാണം ശെരിയാകും എന്ന് "."പിന്നല്ലേ എത്രയെത്ര അനുഭവങ്ങള്‍ വേണം ചേച്ചിക്ക് .ഇതൊക്കെ വളരെ നിസാരമായ കാര്യമല്ലേ ...?ചേച്ചി പറഞ്ഞാല്‍ ഞങ്ങള്‍ ഇപ്പോള്‍ തന്നെ പോയി ശെരിയാക്കി വരാം."



ചേച്ചി കൊടുത്ത അഞ്ഞൂറ്  രൂപയും കീശയിലിട്ടു പ്രശാന്തിനെയും കൂട്ടി അനീഷ്‌ ഓഫീസില്‍ നിന്നിറങ്ങി .ഇതിനു മുന്‍പ് മുട്ട വെക്കണ്ട ആവിശ്യം വന്നിട്ടില്ലാത്തതിനാല്‍ എവിടെ അന്വേഷിക്കണം എന്നൊരു ചോദ്യം രണ്ടുപേര്‍ക്കും ഉണ്ടായിരുന്നു . എങ്കിലും നേരെ നടന്നു പുതിയ സ്റ്റാണ്ടിനടുത്തേക്ക് . അവിടെ ചെന്നപ്പോള്‍ തലയില്‍ ഒരു കെട്ടൊക്കെ കെട്ടി  പ്രായം ചെന്ന ഒരാള്‍ വെറുതെ നില്‍ക്കുന്ന കണ്ടാല്‍ ഒരു മുട്ട വെപ്പുകാരന്റെ ഭാവം ഉണ്ട് . പതിയെ ചേര്‍ന്ന് നിന്ന് ചേട്ടാ മുട്ട വെക്കണ ഏതേലും സ്ഥലം പരിചയമുണ്ടോ ആരും കേള്‍ക്കാതെ ചോദിച്ചു .പാവം മനുഷ്യന്‍ കണ്ണുമിഴിച്ചു പോയി. ചോദിച്ചവരെ ഒന്നൂടെ നോക്കി. കണ്ടിട്ട് കുഴപ്പമൊന്നുമില്ല, എന്നാലും ഈ കാലത്ത് രണ്ടു ചെറുപ്പക്കാര്‍ ആലോചിച്ചു തീര്‍ക്കാന്‍ പാവം അയാള്‍ക്ക്  സമയം കിട്ടിയില്ല "ചേട്ടാ ഒരു അത്യാവിശ്യ കാര്യത്തിനാ "  .രണ്ടുപേരും വളരെ ആത്മാര്‍ഥതയോടെ പറഞ്ഞു ."എനിക്കറിയില്ല പൊന്നു മക്കളെ ;താമരശേരി അടുത്തെവിടെയോ ഒരു മഖാം ഉണ്ടെന്നു കേട്ടിട്ടുണ്ട് അവിടെ പോയി പ്രാര്‍ഥിച്ചാല്‍ ചിലപ്പോള്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ നടന്നേക്കാം"


കേട്ട പാതി  കേള്‍ക്കാത്ത പാതി  കിട്ടിയ കോഴിക്കോടന്‍ ബസ്സിലേക്ക്  രണ്ടും ചാടി കേറി അവിടെയെത്തി. നല്ല തിരക്കുണ്ട്‌ .പോയ ആവേശം എത്തിയപ്പോള്‍ കിട്ടണില്ല.ആര് ഉള്ളില്‍ പോകും ,എന്ത് പറയും ."പ്രശാന്തേ നീ മുന്നില്‍ നടക്ക്, ഞാന്‍ കൂടെ വരാം അളിയാ നിനക്കെ ആളുകളെ പെട്ടെന്ന്  കൈകാര്യം ചെയ്യാന്‍ അറിയൂ എനിക്ക് ചമ്മല്‍ വരും ,വാക്കുകള്‍ കിട്ടില്ല" അനീഷ്‌ ചിട്ടി ചേര്‍ക്കണപോലെ കറക്കി പിടിച്ചു നോക്കി  ."പോടാ നീയായിട്ടു ഏറ്റതല്ലേ നീ  നടക്കു വേണേല്‍ ഞാന്‍ കൂടെ വരാം എന്റെ പെങ്ങളെ ഞാന്‍ നേരത്തെ കെട്ടിച്ചു വിട്ടതാ ഇത് നിന്റെ മാത്രം പെങ്ങളാ "പ്രശാന്ത്  വഴുതി  ."ഡാ നമ്മുടെ പ്രവീണ ചേച്ചിക്ക് വേണ്ടിയാ ഇത് എങ്ങാനും ശെരിയായാല്‍ ആ പാവത്തിന്റെ കല്യാണം  നടക്കും നീ മുന്നേ നടക്കെടാ  ഞാന്‍ ഒപ്പം നിന്നോളം ,അളിയാ നിന്നെ കൊണ്ടേ പറ്റു" അതേറ്റു, പ്രശാന്ത് തീരുമാനിച്ചു എന്നെ കൊണ്ടേ പറ്റു ഉയിര്‍ത്തെണീറ്റ ഹനുമാനെ പോലെ പ്രശാന്ത് മുന്നേ നടന്നു .



ചെന്നപ്പോള്‍ ഒരു ചുവന്ന പട്ടും,കറുത്ത ഒരു നൂലും കിട്ടി അതുമായി അമ്പരന്നു നിന്നപ്പോള്‍ അയാള്‍ പറഞ്ഞു "ആ ഇടനാഴിയിലൂടെ നടന്നോ"ഒരാള്‍ക്ക്‌ നടക്കാന്‍ പറ്റുന്ന ഇരുണ്ട ഗുഹ പോലുള്ള ഒരിടനാഴി സ്വയം ആശ്വസിക്കാന്‍ രണ്ടു പേരും ചിരിയ്ക്കുന്നുണ്ടെലും ഉള്ളില്‍ പേടിയുണ്ടായിരുന്നു .ഇടനാഴിയുടെ അറ്റത്ത്‌ ഒരാള്‍ ഇരിയ്ക്കുന്നു ,മാന്ത്രികത തോന്നിപ്പിക്കുന്ന അന്തരീക്ഷം .കാര്യം വിക്കി വിക്കി പറഞ്ഞു കൊണ്ടിരിയ്ക്കുമ്പോള്‍ അവിടുത്തെ പുരോഹിതന്‍ നൂല് മേടിച്ചെടുത്തു പട്ട് പ്രശാന്തിന്റെ തലയില്‍ കൂടെ ഇട്ടു എന്നിട്ട് പറഞ്ഞു "ആ പെണ്‍ കുട്ടിയെ നല്ലോണം  മനസ്സില്‍ വിചാരിച്ചോ" എന്നിട്ട് മന്ത്രങ്ങള്‍ തുടങ്ങി കാര്യങ്ങള്‍ കൈ വിട്ടു പോണതു കണ്ട പ്രശാന്ത് ഒറ്റ കരച്ചില്‍ "അയ്യോ ചേട്ടാ ഞാനല്ല കാമുകന്‍,എന്റെ പെങ്ങളെ പോലെ ഉള്ള ഒരു ചേച്ചിക്ക് വേണ്ടിയാ ,ദേ ഇവന്‍ പറഞ്ഞിട്ട് വന്നതാ "അവസാനത്തെ വാക്കുകള്‍ കേട്ടപ്പോള്‍  അനീഷും ഞെട്ടി കാരണം കല്യാണം ഉറപ്പിച്ചിട്ടു രണ്ടാഴ്ച ആകുന്നതെയുള്ളൂ  ഇനിയൊരു കല്യാണം  ഉറപ്പിക്കല്‍ കൂടെ പറ്റില്ല !


ജപിച്ചു കിട്ടിയ നൂലുമായി ചേച്ചിയുടെ അടുത്ത് ഒരു വിധത്തില്‍ എത്തിയ രണ്ടും ഉണ്ടായതു മുഴുവന്‍ പറയാതെ അഭിമാനത്തോടെ ചേച്ചിയുടെ രക്ഷാ മാര്‍ഗ്ഗം കൈമാറി .ആഴ്ചകള്‍ കഴിഞ്ഞു മുട്ട വിരിയണതും നോക്കി  മൂന്ന് പേരും പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ് .അങ്ങിനെ ഒരു നാള്‍ ഏതോ നാട്ടു പറച്ചിലുകളില്‍ നിന്ന് പ്രശാന്ത് അറിഞ്ഞു മുട്ട വെക്കണവര്‍ക്കിട്ടു തിരിച്ചു പണി കിട്ടുമത്രേ!പതിയെ  ഉറക്കം നഷ്ടപെടാന്‍ തുടങ്ങി .ആയിടയ്ക്ക്  വന്ന മൂന്നു കല്യാണലോചനകള്‍ മുടങ്ങി പോയി .ഇത് അത് തന്നെ കിട്ടി ,തിരിച്ചു കിട്ടി .!എല്ലാത്തിനും കാരണം ആ തെണ്ടിയാ കാണുമ്പോഴെല്ലാം അനീഷിനെ ചീത്ത വിളിയായി ,ചിലപ്പോള്‍ പേടിച്ചു നിലവിളിയും.



ബസ് ചുരം ഇറങ്ങാന്‍ തുടങ്ങുകയാണ് .മേടിച്ച മുട്ട തിരിച്ചേല്‍പ്പിക്കാന്‍ രണ്ടു പേര്‍ ബസില്‍  അസ്വസ്ഥതയോടെ ഇരിയ്ക്കുന്നു .അവര്‍ പ്രശാന്തും അനീഷും .


No comments:

Post a Comment