മൂന്നു മാസത്തിലും കുറച്ചധികമായിട്ടുണ്ടാകും അവരിവിടെയെത്തിയിട്ടു,ചെറുപ്പക്കാര്‍ക്കധികവും കടും നിറങ്ങളുള്ള ഷര്‍ട്ടുകളായിരുന്നു . കൂട്ടത്തിലെ മുതിര്‍ന്നവര്‍ ഒരിക്കല്‍ വെളുത്തതായിരുന്നെന്നു തോന്നിപ്പിക്കുന്ന ഷര്‍ട്ടുകളും ധരിച്ചിരുന്നു .അവരെത്തി അധികം കഴിഞ്ഞില്ല പൂര നടത്തിപ്പുകാരുടെ പിറകെ ആനയും ആലങ്കാരങ്ങളും എന്നപോലെ ജെ സി ബി കളും ടിപ്പര്‍ ലോറികളും എത്തി തുടങ്ങി .ഒരു മിന്നലാട്ടം പോലെയെങ്കിലും ആരിലും ഒരു അപരിചിതത്വവും കണ്ടതില്ല .ഉടുപ്പുകള്‍ അവിടവിടങ്ങളില്‍ അഴിച്ചു കോര്‍ത്തവര്‍ നേരെ തനിക്കു വിധിക്കപെട്ട ജോലിയിലേക്ക് .
അധികവും ബംഗാളികളായിരുന്നു .മെലിഞ്ഞവര്‍, തൊലിയില്‍ കറുപ്പ് പതിയെ പതിയെ കലര്‍ന്നവര്‍ .വന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഈ പ്രദേശത്തിലെ മിക്ക ചപ്പു ചവറുകളും എറിയപ്പെട്ടിരുന്ന ആ സ്ഥലം അവര്‍ അളന്നു തിരിച്ച് ഒരു വലിയ കെട്ടിടത്തിന്റെ അടിത്തറയായി പണിതെടുത്തു.
ഉറങ്ങുന്നതും ഉണ്ണുന്നതും എല്ലാം ജോലിയിടത്തില്‍ തന്നെ.പ്രത്യേക ജോലി സമയം ഒരിക്കലും അവര്‍ പാലിച്ചിരുന്നതായി കണ്ടതേയില്ല .മിക്കപ്പോഴും ഞങ്ങള്‍ എഴുന്നേല്‍ക്കുന്നതിനും മുന്‍പേ അവര്‍ ജോലി ആരംഭിച്ചിരിക്കും .ചുണ്ടിനിടയില്‍ തിരുകുന്ന പുകയിലയുടെ ബലത്തില്‍ അവര്‍ പണിതു കൊണ്ടേ ഇരിക്കുന്നു .എത്രയോ കാലം മനസ്സില്‍ കൊണ്ടു നടന്ന സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഒരാള്‍ എത്ര മാത്രം ആത്മാര്‍ത്ഥമായും ,ആവേശത്തോടെയും ആയിരിക്കുമോ അത് എപ്പോളും അവരില്‍ നിറഞ്ഞു നിന്നിരുന്നു .
ഞാന്‍ ഓര്‍ക്കുകയായിരുന്നു അവരുടെ കുടുംബത്തെ കുറിച്ച് .എവിടെയായിരിക്കും അവര്‍ ,എപ്പോഴായിരിക്കും ഇവര്‍ക്ക് സ്വന്തം ഇടങ്ങളില്‍ തിരിച്ചെത്താനാവുക.
എന്നെ ആശ്ചര്യപ്പെടുത്തി കൊണ്ടു ആദ്യ നിലയുടെ പണി കഴിഞ്ഞത്തിന്റെ തൊട്ടടുത്ത ദിവസം
കുട്ടികളും ,സ്ത്രീകളുമായി ഒരു ചെറു സംഘം എത്തി ചേര്‍ന്നു.
ഗ്രൌണ്ട് ഫ്ലോറില്‍ പണിയിടത്തിലെ ഇരുമ്പ് ഷീറ്റുകള്‍ കൊണ്ടു കുറെ മുറികള്‍ അവര്‍ തിരിച്ചെടുത്തു .നാല് ഇരുമ്പ് ഷീറ്റുകള്‍ക്കുള്ളില്‍ അവര്‍ വീടും ,കുടുംബവും സൃഷ്ടിച്ചെടുത്തു.അവരുടെ രതിയും ,പിണക്കവും ,ഇണക്കവും എല്ലാം ആ നാല് ഷീറ്റുകള്‍ക്കുള്ളിലാണ് .അവരുടെ കുട്ടികള്‍ മുതിര്‍ന്നവരെ ആകും പോലെ സഹായിക്കുന്നു ചിലപ്പോള്‍ ബാല്യത്തിന്റെ ഉള്‍വിളിയില്‍ കളിക്കാനായി പായുന്നു .
എത്രയോ നിലകള്‍ അവര്‍ കെട്ടിപ്പൊക്കുന്നു ബാംഗ്ലൂര്‍ നഗരത്തിന്റെ ആകാശത്തിലേക്ക് .ഒരിക്കലും അവര്‍ ആഗ്രഹിക്കുന്നില്ലേ ഒരു തിരിച്ച് പോക്ക് ? ഇല്ലേ അവര്‍ക്ക് ഒരു തിരിച്ച് പോക്ക് സ്വന്തം ഗ്രാമത്തിലേക്ക്, മരിച്ചതും ജീവിച്ചിരിക്കുന്നതുമായ സ്വന്തം കാഴ്ചകളിലേക്ക് . . കാത്തിരുപ്പുകളിലേക്ക്..
ഉണ്ടായിരിക്കാം അവര്‍ക്കും ഒരു സ്വപ്നം .ആകാശം മുട്ടെ കെട്ടിടങ്ങള്‍ പണിതുയര്‍ത്തുമ്പോളും അതിലും മേലായി ഒരു സ്വപ്നം. അങ്ങ് ദൂരെ സ്വന്തം നാട്ടില്‍ നാല് ചുവരുകള്‍ക്കുള്ളില്‍ പണിയാന്‍ കൊതിക്കുന്ന ഒരു കൊച്ചുവീടിനെ കുറിച്ചുള്ള സ്വപ്നം .അവിടെ മുറ്റത്ത് ഓടിക്കളിക്കുന്ന കുട്ടികളെ അവര്‍ ഓരോ കിതപ്പിലും കാണുന്നുണ്ടാവാം ....
ഒരു ആയുഷ്കാലം മുഴുവന്‍ പരാതികളില്ലാതെ ,ഉണ്ടെങ്കില്‍ ആരോട് പറയണമെന്നറിയാതെ ജന്മം കൊണ്ടു ഇരുകാലികളും ജീവിതം കൊണ്ടു നാല്‍കാലികളുമായി പോയ ഇവരിലേക്ക് ഞാന്‍ എന്റെ ഫ്ലാറ്റിന്റെ നാലാം നിലയുടെ സുഖത്തില്‍ നിന്ന് നോക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത് പെട്രോളിന് വില കൂടിയത് ഇവര്‍ അറിഞ്ഞിട്ടുണ്ടാവുമോ എന്നായിരുന്നു .ഇനിയും വേണ്ടി വന്നാല്‍ പെട്രോള്‍ വില കൂട്ടുമെന്ന വെല്ലുവിളികള്‍ ഇവര്‍ കേട്ടിരിക്കുമോ .....ഉണ്ടാവാന്‍ വഴിയില്ല കാരണം അവര്‍ സ്വന്തം വയറിലേക്ക് അധികം നോക്കാറില്ല അത് ചുരുങ്ങി ചുരുങ്ങി വരുന്നത് അവര്‍ അറിയാറെയില്ല....
No comments:
Post a Comment