Monday, October 8, 2012

എന്റെ നക്ഷത്ര രാജകുമാരി



ഇപ്പോഴും എനിക്കറിയില്ല എന്തിനാണവള്‍ എന്നെ ഇത്ര മാത്രം സ്നേഹിച്ചെതെന്നു .ചാറ്റ് റൂമുകളില്‍ വെറുതെ അലഞ്ഞു നടന്നിരുന്ന ഒരു കാലത്തില്‍ അവളെ പരിചയപെടുകയായിരുന്നു.പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല എങ്കിലും, എല്ലാം അറിഞ്ഞപോലെയും പറഞ്ഞ പോലെയും ആയിരുന്നു ഞങ്ങള്‍ക്ക് .ആദ്യ വാക്ക് പറയും മുന്‍പേ മനസ്സില്‍ ഉറപ്പിച്ചു ഇവളെയാണ്‌ ദൈവം എനിക്കായി അയച്ചിരിക്കുന്നതെന്ന്. ഈ ഭൂമിയിലെ നിമിഷങ്ങളെല്ലാം എനിക്ക് പങ്കിടുവാനായി പിറന്നവള്‍ .ആദ്യാമായി അവള്‍ എന്നെ വിളിച്ചപ്പോള്‍ വാക്കുകളല്ല എന്നിലേക്ക്‌ വന്നത് തേങ്ങലുകള്‍ ആയിരുന്നു ആ കണീര്‍ പ്രവാഹത്തിന് മുന്നില്‍ എന്ത് ചെയ്യുമെന്നറിയാതെ ഞാനും നിറയുകയായിരുന്നു .പതിയെ ഒരു കൊച്ചു കുട്ടിയെ എന്നവണ്ണം ആശ്വസിപ്പിച്ചു എന്നോട് ചേര്‍ക്കുമ്പോള്‍ ഞങ്ങള്‍ പതിയെ പെറുക്കിവെക്കുകയായിരുന്നു ഒരു സ്വപ്ന ലോകത്തിന്റെ അടികല്ലുകള്‍ .
എനിക്കറിയില്ല അവളെന്തിനാണ് മരണത്തെ ഇത്ര മാത്രം സ്നേഹിച്ചിരുന്നതെന്ന്.വെറുതെ അവള്‍ ചോദിക്കുമായിരുന്നു നമുക്ക് മരിച്ചാലോ എന്ന് അപ്പോഴെല്ലാം വാക്കുകളില്‍ ജീവിതത്തിന്റെ ആയിരം മഴവില്ലുകള്‍ കോര്‍ത്ത്‌ ഞാനവള്‍ക്ക് കൊടുക്കും അതിലവള്‍ പതിയെ തലോടി സ്വയമ മറന്നുറങ്ങും.അവള്‍ക്കു വെറുപ്പായിരുന്നു മരുഭൂമിയുടെ ചൂടില്‍ കൃത്രിമമായി സൃഷ്ടിച്ചെടുത്ത കുളിരുന്ന ജീവിതങ്ങളെ .പാടവും പുഴകളും എന്ന് അവള്‍ സ്വപ്നം കണ്ടു ....കുന്നുകളിലും കാടുകളിലും അലയാന്‍ അവള്‍ കൊതിച്ചു കൊണ്ടിരുന്നു ..
ഒരിക്കല്‍ പോലും കാണാതെ ഞങ്ങള്‍ സ്നേഹിക്കുകയായിരുന്നു ഒന്നുമാവിശ്യപെടാതെ ....വെറും വാക്കുകളിലൂടെ ഞങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളെ കോര്‍ത്ത്‌ വെച്ചു. ചാറ്റ് മെസ്സജുകളും ,ഇയര്‍ ഫോണുകളും മാറി മാറി ഞങ്ങളുടെ ഇണക്കങ്ങളും പിണക്കങ്ങളും പങ്കു വെച്ചു കൊണ്ടിരുന്നു. ഇടയില്‍ ഭൂമിയുടെ നീളം തീര്‍ത്ത അകലത്തെ ഞങ്ങള്‍ മനസ്സുകളുടെ വീതിയും ,നീളവും വെച്ചു തോല്പ്പിചെടുത്തു .
ഇന്ന് ഞാന്‍ ഒറ്റക്കാണ്, ചാറ്റ് വിന്‍ഡോയുടെ വലതു വശത്ത് ഒരു കുഞ്ഞു പച്ച വെളിച്ചം തെളിയുന്നതും കാത്ത്. നക്ഷത്ര കൂട്ടങ്ങളിലേക്ക് അവളെ ദൈവം പതിയെ നടത്തുകയായിരുന്നെന്നറിഞ്ഞിട്ടും വിട്ടു കൊടുക്കാന്‍ മനസ്സില്ലാതെ ,പല ക്ഷേത്രങ്ങളില്‍ ,പള്ളികളില്‍ തല തല്ലി കരഞ്ഞിട്ടും എന്നെക്കാള്‍ അവളെ സ്നേഹിച്ച ദൈവം തിരിച്ചു തന്നില്ലനിക്ക് .പരാതിയില്ലെനിക്ക് കാരണം ഒരു ജന്മം മുഴുവന്‍ തരേണ്ടേ സ്നേഹം മുഴുവന്‍ തന്നു തീര്‍ത്തിരിക്കുന്നവള്‍ ....കടം പേറി ജീവിക്കുകയാണ് ഞാന്‍ ഒടുക്കാനാവാത്ത ഈ ജീവനുമായി ...

No comments:

Post a Comment