Monday, October 8, 2012

ചെമ്പന്‍ മുടിക്കാരി



ട്രെയിനിന്റെ അലറി പാഞ്ഞുള്ള വേഗതയോ ,പിന്നിലേക്ക്‌ പറിഞ്ഞോടുന്ന കാഴ്ചകളോ അല്ല ആ സ്ത്രീയുടെ മുഖത്തേക്ക്  വേവലാതികള്‍ നിറച്ചു കൊണ്ടിരുന്നത് .ഒരുച്ച പ്രാന്തിന് ഓടി തുടങ്ങിയ ട്രെയിനിലേക്ക്‌ ചാടി കയറുമ്പോള്‍ ഞങ്ങള്‍ മൂന്നും മൂന്ന്  ബോഗിയിലാര്‍ന്നു പിന്നീട് തൊട്ടടുത്ത സ്റ്റേഷനില്‍ ഇറങ്ങി ഒരു ബോഗിയിലെ തിരക്കിലേക്ക് നൂണ്ടു കയറി കാലു മാത്രം ചവിട്ടാന്‍ ഇടം കിട്ടിയ  സമയം മുതല്‍ ആ സ്ത്രീയുടെ പേടിച്ച മുഖം എന്നെ അവരിലേക്ക്‌ നോട്ടം കൂര്‍മ്പിക്കുവാന്‍ പ്രേരിപ്പിച്ചു .അവര്‍ ഒരു സീറ്റില്‍ ഏറ്റവും അറ്റത്തായി തിങ്ങി നിരങ്ങി ഇരിക്കുന്നു.ഓരോ ആണ്‍ മുഖങ്ങളിലേക്കും, ബാങ്ക് ലോക്കറില്‍ പണം നിറക്കാന്‍ പോകുന്ന വണ്ടിയുടെ സെക്കൂരിട്ടിയുടെ സംശയ മുഖത്തോടെ അവര്‍  തുറിച്ചു നോക്കി കൊണ്ടിരിക്കുന്നു .


അവരുടെ ആവലാതിയുടെ  കാരണമറിയാതെ ഞാന്‍ ,പ്രമോദിനോടും അരുണിനോടും അവരെ കാണിച്ചു കൊടുത്തു ,പ്രമോദ്  കയ്യിലെ സ്പ്രയിറ്റു കുപ്പിയില്‍ മിക്സ്‌ ചെയ്തെടുതിരിക്കുന്ന M .H  വിസ്കി എങ്ങിനെ ഉള്ളിലാക്കും ഈ തിരക്കില്‍ എന്നുള്ള മഹാ വിഷമത്തില്‍ ആയിരുന്നതിനാല്‍ അന്നേരം ഈ വിഷയത്തില്‍ അത്ര ശ്രെദ്ധ കണ്ടില്ല .ആ സ്ത്രീ കൂടുതലും ഞങ്ങളെ ആയിരുന്നു പേടിയോടെ നോക്കുന്നതെന്ന സത്യം തിരിച്ചറിഞ്ഞപ്പോള്‍ അവരുടെ പേടി ഞങ്ങളിലേക്കും മെല്ലെ പടര്‍ന്നു ..ഇടയ്ക്കിടെ അവര്‍ ഞങ്ങള്‍ക്കിടയിലൂടെ തിരയുന്നു ഉറപ്പു വരുത്തുന്നു .


ഞങ്ങള്‍ മൂന്നു പേരുടെയും പുറകിലായി ജനലരികിലെ സീറ്റില്‍ ഒരു കൊച്ചു പെണ്‍കുട്ടി പറന്നു പോകുന്ന അവളുടെ ചെമ്പന്‍ മുടിയിഴകളെ അനുസരണയുള്ളതാക്കാന്‍ പാട് പെടുന്നു .അവളായിരുന്നു ആ അമ്മയുടെ വേവലാതിയുടെ കാരണം.ഒരു പന്ത്രണ്ടു വയസ്സ് കണ്ടേക്കാം ആ കുട്ടിക്ക്  അവളുടെ ഓരോ ചലനത്തിലും ആ അമ്മയുടെ കണ്ണുകള്‍ ഉണ്ടായിരുന്നു ഇടയ്ക്കെപ്പോഴോ കാലുകള്‍ മടക്കി സീറ്റില്‍ വെച്ചതിനു അവളെ അവര്‍ ഉച്ചത്തില്‍ വഴക്ക് പറയുന്നു .വീണ്ടും ആ ബോഗിയിലെ ആണുങ്ങളുടെ മുഖത്തേക്ക് അവര്‍ നോക്കുന്നു അവരെല്ലാം എങ്ങോട്ടാണ് ശ്രെദ്ധിക്കുന്നതെന്ന് അവര്‍ ഉറപ്പു വരുത്തുന്നു .


സ്ത്രീയെ ദേവിയായി ആരാധിക്കുന്ന ഭാരതത്തില്‍ ഇപ്പോള്‍  പെണ്‍കുട്ടികളെ പ്രസവിക്കാന്‍ അമ്മാര്‍ പേടിക്കുന്നുണ്ടാവാം.പെണ്‍കുട്ടികളുള്ള ഓരോ അമ്മമാര്‍ക്കും ആ തമിഴ് സ്ത്രീയുടെ മുഖം തന്നെയായിരിക്കും .അമ്മയുടെ പേടിയുടെ ഉള്ളിലായിരുന്ന ആ കുട്ടിക്ക് ഒരിക്കല്‍ പോലും ആ നീണ്ട ട്രെയിന്‍ യാത്ര ഇഷ്ടമായിട്ടുണ്ടാകില്ല കുട്ടികളുടെ സ്വാതന്ത്ര്യം അവള്‍ക്കു ലഭിച്ചിരുന്നില്ല .

ഞാന്‍ എന്റെ കുട്ടികാലം  ഒരു പക്ഷെ അയല്‍വീടുകളിലോ അല്ലെങ്കില്‍ ചുറ്റുവട്ടത്തെ മാവിന്‍ ചുവട്ടിലും നെല്ലി ചുവട്ടിലും  ആയിരിക്കും കൂടുതല്‍ ആഘോഷിച്ചിട്ടുണ്ടാവുക.എന്റെ സമ പ്രായക്കാരായ പെണ്‍കുട്ടികളും അങ്ങിനെ തന്നെയായിരുന്നു.ഒരിക്കല്‍ പോലും ഞാന്‍ കേട്ടതായി ഓര്‍മ്മയില്ല പീഡനം എന്നത്.കഴിഞ്ഞ 10   വര്‍ഷത്തിനിടയില്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ കണ്ടതും കേട്ടതുമായ വാക്ക് പീഡനം ആയിരിക്കുന്നു.


ആ വാക്കിന്റെ ഭീകരതയില്‍ നിന്നാണ് ആ അമ്മയുടെ വേവലാതി പിറന്നത്‌ ,അത് കൊണ്ടാണ് കാഴ്ചകള്‍ ആസ്വദിച്ച് ജീവിക്കെണ്ടുന്ന ബാല്യവും ,കൌമാരവും കടുത്ത നിയന്ത്രണങ്ങളില്‍ പതറി കാഴ്ചകള്‍ നഷ്ടമായി വളരുന്നത്‌ .സ്വന്തം അച്ഛന്റെ മുന്നില്‍ പോലും പെണ്‍കുട്ടികളെ ഒറ്റയ്ക്കിരുത്താന്‍ പേടിക്കുന്ന അമ്മമാരുടെ നാട്ടില്‍ സ്വദേശികളും ,വിദേശികളും  തിങ്ങി നിറഞ്ഞ ട്രെയിന്‍ ബോഗിയില്‍  ആ അമ്മ പേടിയോടെ ,കരുതലോടെ ഇരുന്നതില്‍ എന്താണത്ഭുതം .

No comments:

Post a Comment